Thurayil temple

Temple Mahatmyamശ്രീ തുറയില്‍ കാവ്‌ ഭഗവതി ക്ഷേത്രം ഏകദേശം 2000 വര്‍ഷത്തോളം പഴക്കമുള്ള സ്വയം ഭൂദേവി ചൈതന്യ പുണ്യ സങ്കേതമാണെന്ന് ദൈവികചിന്തയിലൂടെ കാണുകയുണ്ടായി. ദേവി സ്വരൂപം ത്രിഗുണാതമികയായ ശ്രീ മഹാലക്ഷ്മിയും, ശ്രീ പാര്‍വതിയും, ശ്രീ സരസ്വതിയും ആണ് കുടി കൊള്ളുന്നത്. ഏകദേശം പത്ത് ഏക്കറോളം വരുന്ന വന മദ്ധ്യത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ത്രേതായുഗത്തില്‍ രാമരാവണ യുദ്ധ ഭൂമിയിലേക്ക് മൃതസഞ്ജീവിനിയും വഹിച്ചു കൊണ്ടുപോയ ശ്രീ ഹനുമാന്‍റെ പക്കല്‍ നിന്ന് ഋഷഭാദ്രിയുടെ ശകലം അടര്‍ന്ന് വീണ് അഭിവൃദ്ധിപ്പെട്ടതത്രേ ക്ഷേത്രത്തിനു ചുറ്റുമുള്ള വിശാലമായ കോട്ട. ശ്രീ ഭഗവാന്‍ ഹനുമല്‍ ചൈതന്യം ഇവിടെ കുടികൊള്ളുന്നുവെന്ന് ദൈവിക ചിന്തയില്‍ കാണുകയും അതനുസരിച്ച് ഇപ്പോള്‍ പ്രതിഷ്ഠ നടത്തി പൂജിച്ചു വരികയും ചെയ്യുന്നു. ഹനുമല്‍ പ്രീതി കൊണ്ട് ഭക്തജനങ്ങള്‍ക്ക് സമ്പല്‍ സമൃദ്ധി, സന്താനകീര്‍ത്തി, അഭീഷ്ട സിദ്ധി എന്നിവ ലഭ്യമാണ്. ശ്രീ ഹനുമാന്‍ ക്ഷേത്ര സംരക്ഷകനായി പടിഞ്ഞാറ് അഭിമുഖമായി നില്‍ക്കുന്നു. വാനര നായകന്മാര്‍ കിഴക്ക് അഭിമുഖമായി നില്‍ക്കുന്നു. ഇവിടെ വളരുന്ന ദിവ്യ ഔഷധികള്‍ മൃതസഞ്ജീവനി കണക്കെ ഔഷധ ഗുണമുള്ളവയും കോട്ട മരുത്വമാലയ്ക്ക് തുല്യം ശ്രേഷ്ടവും വിഷിഷ്ടവുമാണ്. ഔഷധികള്‍ക്ക് ഔഷധമായ ചിറയിലെ തീര്‍ത്ഥ ജലം അമൃത തുല്യവുമാണത്രേ. കാലാന്തരത്തില്‍ ക്ഷേത്രവും മണ്‍മറഞ്ഞു പോയെങ്കിലും അത്യപൂര്‍വ്വമായ ദേവി ചൈതന്യം ചാരം മൂടിയ കനല്‍കട്ട പോലെ പ്രകൃതിയുടെ പഞ്ചപൂജകളും വാനരന്‍മാരുടെ പത്ര പുഷ്പഫലാദ്യര്‍ച്ചനകളും ഏറ്റുവാങ്ങി അണയാതെ കിടക്കുകയും, കൂവ കിളക്കാനെത്തിയ സ്ത്രീകളെ നിമിത്തമാക്കി സ്വയം ഭൂവായി പുനരാവിര്‍ഭവിക്കുകയും ചെയ്തു. ദേവി ചൈതന്യം തുറക്കപ്പെട്ട സ്ഥലത്തിന് തുറയില്‍ കാവ്‌ ദേവി ക്ഷേത്രമെന്ന് പേരും വന്നു എന്ന് ഐതിഹ്യം. ക്ഷേത്രത്തിലെ അലൌകികമായ അന്തരീക്ഷം മേല്‍പ്പുരയില്ലാത്ത ശ്രീകോവില്‍ വര്‍ഷാവര്‍ഷം പ്രളയജലത്തില്‍ ശ്രീകോവിലടക്കം മുക്കിയുള്ള ദേവിയുടെ ആറാട്ട്, തുള്ളിച്ചാടി നടക്കുന്ന വാനരവൃന്ദം(കുരങ്ങൂട്ട് വഴിപാട് ദേവി പൂജ തന്നെയാണ്), പവിത്ര തീര്‍ത്ഥ ചിറ, കൂവ പായസം പ്രധാന നിവേദ്യം ഇവയൊക്കെ ഐതിഹ്യത്തെ ശരിവെക്കുന്നു.

പ്രധാന ശ്രീ കോവിലിന്‍റെ വടക്ക് ഭാഗത്ത് ഉപദേവനായ വേട്ടക്കരന്‍ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തില്‍ ക്ഷേത്രാചാരത്തോടെ വന്ന് പൂജാദിവഴിപാട് നടത്തി അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ച് ഭണ്ടാരവും ചാര്‍ത്തി വരുന്ന ഭക്തര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും കൈവരിക്കുന്നതായി കാണുന്നു. അനസൂയ ദേവിയെ സമീപിക്കുന്ന മൂന്ന് ദേവിമാരുടെ സങ്കല്‍പ്പമാണ് ഇവിടെ കുടികൊള്ളുന്നത്. സന്താന ലാഭം, മംഗല്യ ഭാഗ്യം, വിദ്യഗുണം തുടങ്ങി ഭക്തരുടെ എല്ലാ അഭീഷ്ടകാര്യങ്ങളും ദേവീകാരുണ്യത്താല്‍ കൈവരുന്നതായും ഭക്തരുടെ അനുഭവങ്ങളില്‍ നിന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ദേവി ചൈതന്യത്തിന്‍റെ വൃദ്ധിക്കും, ഭക്തജനങ്ങളുടെ സൌകര്യത്തിനും വേണ്ടി നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങികൊണ്ടിരിക്കുന്നു. അമ്മയുടെ അനുഗ്രഹവും ഭക്തജനങ്ങളുടെ സഹായവും ഉണ്ടായാല്‍ എല്ലാം നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളൂ. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ വലിയവിലക്ക് ഉത്സവം വര്‍ഷത്തില്‍ നടത്തി വരുന്നു.


Copyright © 2014 Thurayil Bhagavathy Temple. All rights reserved Website Design & Sponsered By: Vipinlal.t